Monday, 7 November 2011

ജനചേതന യാത്രക്ക്‌ ആവേശോജ്വല തുടക്കം


സീതാബ്ദിയറ (ബീഹാര്‍): യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി നടത്തുന്ന ജനചേതനായാത്രക്ക്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുടക്കമായി.

വിഖ്യാത സോഷ്യലിസ്റ്റ്‌ നേതാവ്‌ ജയപ്രകാശ്‌ നാരായണ്‍ന്റെ ജന്മസ്ഥലമായ സീതാബ്ദിയറയില്‍ പൊതുസമ്മേളനത്തോടെയായിരുന്നു തുടക്കം. 38 ദിവസം നീളുന്നതാണ്‌ രാജ്യവ്യാപകമായി നടത്തുന്ന ജനചേതനായാത്ര. ഗാന്ധിമൈതാനത്ത്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. യുപിഎ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുകയും വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ അദ്വാനിയുടെ യാത്ര. “ഇന്ത്യയില്‍ അഴിമതിക്ക്‌ അന്ത്യം കുറിക്കണം. നേതൃത്വം മാത്രം മാറിയിട്ട്‌ കാര്യമില്ല. സംവിധാനവും മാറണം,” അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ശേഷിയില്‍ ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയെന്ന ദൗത്യവും യാത്ര ലക്ഷ്യമിടുന്നു. 1970 കളില്‍ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഒഴികെയുള്ള എല്ലാ കോണ്‍ഗ്രസിതര പാര്‍ട്ടികളെയും ഒന്നിപ്പിച്ച ജയപ്രകാശ്‌ നാരായണ്‍ന്റെ പ്രവര്‍ത്തനങ്ങളാണ്‌ ജനചേതനായാത്രക്ക്‌ പ്രചോദനമെന്ന്‌ അദ്വാനി ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട്‌ ഏത്‌ പ്രസ്ഥാനവും വിജയിപ്പിക്കാമെന്ന്‌ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. സല്‍ഭരണവും സംശുദ്ധ രാഷ്ട്രീയവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ അറിയിക്കും. ഒരേസമയം ബ്രിട്ടീഷുകാരുടെ അതിക്രമത്തെക്കുറിച്ചും കോണ്‍ഗ്രസ്‌ ഭരണത്തിലെ അഴിമതിയെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമായിരുന്നു സ്വാതന്ത്ര്യസമരത്തിനും ജയപ്രകാശ്‌ നാരായണിനുമുണ്ടായിരുന്നതെന്ന്‌ ആറാമത്‌ യാത്രക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ 84-കാരനായ അദ്വാനി പറഞ്ഞു.

23 സംസ്ഥാനങ്ങളിലും നാല്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും. വടക്കു-കിഴക്കന്‍ മേഖല, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു, ഗുജറാത്ത്‌, തെക്കന്‍ സംസ്ഥാനങ്ങള്‍, തെരഞ്ഞെടുപ്പ്‌ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ എന്നിവിടങ്ങളിലൂടെയെല്ലാം യാത്ര കടന്നുപോകും. 7600 ലേറെ കിലോമീറ്റര്‍ താണ്ടി രാജ്യത്തെ നൂറിലേറെ ജില്ലകളില്‍ ജനചേതനായാത്ര എത്തും.
പാറ്റ്നടയില്‍നിന്ന്‌ ഇവിടെയെത്തിയ അദ്വാനി, നിതീഷ്കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി, ലോക്സഭാ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്‌, അരുണ്‍ ജെറ്റ്ലി എന്നിവര്‍ക്കൊപ്പം ജയപ്രകാശ്‌ നാരായണിന്റെ വീട്‌ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. 2005 ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നതിനുശേഷം ബീഹാറില്‍ കാതലായ മാറങ്ങള്‍ വരുത്തിയ നിതീഷ്കുമാറിനെ അദ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്തു.

ജയപ്രകാശ്‌ നാരായണ്‍ന്റെ ജന്മവാര്‍ഷികനാളില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുനിന്നുതന്നെ അഴിമതിക്കെതിരെ യാത്ര നടത്താനുള്ള അദ്വാനിയുടെ തീരുമാനത്തെ നിതീഷ്കുമാര്‍ സ്വാഗതംചെയ്തു.

No comments:

Post a Comment