Tuesday, 28 February 2012

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ ബലിദാനദിനം

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ: പൊലിയാത്ത പ്രകാശഗോപുരം
 http://deendayalupadhyaya.org/
ഇന്ന്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ ബലിദാനദിനം. ഭാരതത്തിന്റെ രാഷ്ട്രീയരംഗത്തെ ഗുണപരമായ പരിവര്‍ത്തനത്തിന്‌ വിധേയമാക്കിയ ചരിത്രദൗത്യം നിര്‍വ്വഹിച്ച ഒരു മഹാമനീഷിയുടെ ദീപ്തസ്മരണകളാണ്‌ ദീനദയാല്‍ജിയുടെ ജീവിതം നമുക്ക്‌ നല്‍കുന്നത്‌. 1952ല്‍ കാണ്‍പൂരില്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ ഒന്നാം അഖിലഭാരതീയ സമ്മേളനത്തില്‍ വെച്ച്‌ ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജി പറഞ്ഞത്‌. “എനിക്ക്‌ രണ്ട്‌ ദീനദയാല്‍ജിമാരെ കിട്ടിയിരുന്നെങ്കില്‍ ഭാരത രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ഞാന്‍ മാറ്റിയേനെ’ എന്നായിരുന്നു.

‘ദിനാ’യുടെ ജനനം 1916 സപ്തംബര്‍ 25നായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയസ്വയംസേവകസംഘവുമായി ബന്ധപ്പെട്ട ദീനദയാല്‍ജി ഉത്തര്‍പ്രദേശിലെ സഹപ്രാന്തപ്രചാരകനായി പ്രവര്‍ത്തിക്കുകയും അതേസമയത്ത്തന്നെ രാഷ്ട്രധര്‍മ്മ പ്രകാശന്‍ എന്ന സംഘത്തിന്റെ പ്രസിദ്ധീകരണശാലയുടെ ചുമതലകള്‍ വഹിക്കുകയും ചെയ്തു.


1951 ഒക്ടോബര്‍ 21 ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരതീയജനസംഘത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി ദീനദയാല്‍ജി നിയോഗിക്കപ്പെട്ടു. ഭാരത രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ചരിത്രസംഭവമായിരുന്നു അത്‌. കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ട്‌ ഭാരതീയജനസംഘം പദംപദം വെച്ച്‌ മുന്നേറി. 1967ലെ ഭാരതീയജനസംഘത്തിന്റെ പതിനാലാം അഖിലഭാരതീയ സമ്മേളനം കോഴിക്കോട്‌ വെച്ച്‌ നടക്കുമ്പോള്‍ ശക്തമായ രണ്ടാം കക്ഷിയായി ജനസംഘം മാറി. എട്ട്‌ സംസ്ഥാനങ്ങളിലെ ഭരണപങ്കാളിയായി മാറിയ ജനസംഘത്തിന്റെ കരുത്തിന്‌ പിന്നിലെ ആശയപരവും സംഘടനാപരവുമായ ദൃഢത ദീനദയാല്‍ജിയുടെതായിരുന്നു ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാവുകയായിരുന്നു. എന്നാല്‍ 1968 ഫെബ്രുവരി 11ന്‌ മുഗള്‍സാരായി റെയില്‍വെ സ്റ്റേഷനില്‍ ദീനദയാല്‍ജി കൊല്ലപ്പെട്ട വിവരമാണ്‌ ലോകമറിയുന്നത്‌. ദുരൂഹവും ഗൂഢവുമായ നിലയില്‍ രാഷ്ട്രീയ എതിരാളികളുടെ ഇരയാവുകയായിരുന്നു ദീനദയാല്‍ജി.

ദീനദയാല്‍ജിയുടെ വിയോഗം കനത്തതായിരുന്നുവെങ്കിലും അദ്ദേഹം സൃഷ്ടിച്ച വ്യത്യസ്തമായ രാഷ്ട്രീയസംസ്കാരം അനുസ്യൂതം മുന്നോട്ട്‌ പോയി. പിന്‍ഗാമികളില്ലാതെ വന്‍ വൃക്ഷങ്ങള്‍ കടപുഴകിയ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ദീനദയാല്‍ജിയുടെ രക്തസാക്ഷിത്വം. ആ സ്മരണകളില്‍ നിന്നും പുതിയ ഒരു രാഷ്ട്രീയഉദയം ഭാരതം വരവേല്‍ക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന്‌ മുമ്പേ നിലനിന്നിരുന്ന യൂറോപ്യന്‍ ലിബറലിസത്തിന്റെ പിന്‍ഗാമികളായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ മിതവാദികളുടെ പാതക്ക്‌ വിരുദ്ധമായി ഉയര്‍ന്നുവന്ന ദേശീയവാദികളുടെ സരണിയിലായിരുന്നു ദീനദയാല്‍ജി. ദേശീയവാദികളുടെ വിട്ടുവീഴ്ചയില്ലാത്ത സമരപാതയില്‍ നിന്നാണ്‌ ദീനദയാല്‍ജി ഊര്‍ജ്ജം ആവാഹിച്ചത്‌. ആശയതലത്തില്‍ ലോകമാന്യതിലകനോടും അരവിന്ദനോടും മഹാത്മജിയോടും അടുത്ത്‌ നിന്‍ങ്കൊണ്ട്‌ ദീനദയാല്‍ജി തയ്യാറാക്കിയ ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ രാജനൈതികരംഗത്തിന്റെ കരുത്തുറ്റ ആശയ അടിത്തറയായിരുന്നു. ഒരുപുതിയ വാദമോ വെളിപാടോടെയോ ആയിരുന്നില്ല അത്‌. മറിച്ച്‌ ചിരപുരാതനമായ ഭാരതത്തിന്റെ സംസ്കൃതിയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും കാലാനുകൂലവും യുഗാനുകൂലവുമായി സംസ്ക്കരിച്ചെടുത്ത ചിന്തയായിരുന്നു അത്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിലനിന്ന വിദേശാനുകരണത്തിന്റെ വികലമായ ആവര്‍ത്തനങ്ങള്‍ക്ക്‌ ബദലായി ഭാരതത്തിന്റ സാംസ്ക്കാരിക സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും ഭാരതീയ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താനുമുള്ള ദര്‍ശനമായിരുന്നു അത്‌.

അരവിന്ദനോട്‌ ഏറ്റവും അടുത്ത്‌ നില്‍ക്കുന്ന ദര്‍ശനം അവതരിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു”വ്യക്തിക്ക്‌ ആത്മാവുള്ളതുപോലെതന്നെ രാഷ്ട്രത്തിനും ആത്മാവുണ്ട്‌. അതിന്റെ പരിണാമ സ്വരൂപമായാണ്‌ രാഷ്ട്രത്തില്‍ ഏകാത്മകത്വം രൂപംകൊള്ളുന്നത്‌. രാഷ്ട്രത്തിന്റെ ഈ ആത്മാവിനെയാണ്‌ ചിതിയെന്ന്‌ പറയുന്നത്‌. ചിതിയുടെ പ്രകാശം കൊണ്ട്‌ രാഷ്ട്രത്തിന്‌ ഉയര്‍ച്ചയും ചിതിയുടെ വിനാശംകൊണ്ട്‌ രാഷ്ട്രത്തിന്‌ തകര്‍ച്ചയും ഉണ്ടാകുന്നു.” ഈ അടിസ്ഥാനദര്‍ശനത്തില്‍ ഊന്നിനിന്നുകൊണ്ട്‌ രാഷ്ട്രജീവിതത്തിന്റെ സമസ്തമേഖലകളെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും വികാസത്തിനുള്ള നയരൂപരേഖകള്‍ സൃഷ്ടിക്കാനും അദ്ദേഹം ഏകാത്മമാനവദര്‍ശനത്തിന്‌ രൂപം നല്‍കി.

ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ദീനദയാല്‍ജിയുടെ ദര്‍ശനവും ജീവിതവും ഏറെ പ്രസക്തമാണ്‌. മുതലാളിത്തത്തിന്റെ സാമ്പത്തിക മനുഷ്യനും സോഷ്യലിസത്തിന്റെ സാമൂഹിക മനുഷ്യനും വിഭാവനം ചെയ്ത വ്യവസ്ഥകള്‍ പ്രശ്നങ്ങളെ പ്രതിസന്ധികളാക്കി രൂക്ഷമാക്കുന്ന ആഗോളസാഹചര്യത്തില്‍ ദീനദയാല്‍ജി ഉയര്‍ത്തിപ്പിടിച്ച ഭാരതീയസാമ്പത്തിക സമീപനം മറ്റൊരു മറുപടിയുണ്ട്‌ എന്ന പ്രതീക്ഷാനിര്‍ഭരമായ ഉത്തരം വഹിക്കുകയാണ്‌. ആഗോളീകരണത്തിന്റെ ഭ്രാന്തമായ അമേരിക്കന്‍ കടന്നുകയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക്‌ വേറെ വഴികളില്ല.
ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യവും ഇന്ന്‌ ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്‌. അഴിമതിയുടെ ഭീകരമായ വളര്‍ച്ചയും മൂല്യരഹിതമാകുന്ന രാഷ്ട്രീയവും സൃഷ്ടിക്കുന്ന ഭീഷണി കനത്തതാണ്‌. പിടിച്ചുലയ്ക്കാന്‍പോന്ന ഈ സാഹചര്യത്തില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ മൂല്യബദ്ധമായ ഒരു ജീവിതശൈലിയെ മുറുകെപിടിച്ചേ മതിയാവൂ.

വ്യത്യസ്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന മുഖമുദ്രാവാക്യവുമായി മുന്നേറുന്ന ബിജെപിക്ക്‌ മുന്നിലും കനത്ത വെല്ലുവിളികളാണ്‌ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നത്‌. സാഹചര്യത്തിന്റെ ഗൗരവവും ചരിത്രപരമായ ആവശ്യങ്ങളും ഉള്‍ക്കൊണ്ട്‌ മൂല്യങ്ങളെ മുറുകെപ്പിടിച്ച്‌ മുന്നേറണമെങ്കില്‍ ബിജെപിക്ക്‌ ഏറെ പരിശ്രമിക്കേണ്ടിവരും. കാലിടറാതെ കരളുറപ്പോടെ നില്‍ക്കണമെങ്കില്‍ നിതാന്ത ജാഗ്രതയും ആദര്‍ശ നിഷ്ഠയും മുറുകെപിടിക്കേണ്ടതുണ്ട്‌. ദേശീയവും പ്രാദേശികവുമായ ഈ ദൗത്യം ഏറ്റെടുത്ത്‌ മുന്നേറുക എന്നതാണ്‌ ദീനദയാല്‍ജിയോട്‌ നമുക്ക്ചെയ്യാനുള്ള ശ്രദ്ധാഞ്ജലി.

നാടിന്റെ വികസനം സര്‍വ്വപ്രധാനം, പാര്‍ട്ടി അതിലേക്കുള്ള പാത,-സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ കുറഞ്ഞ പ്രാധാന്യം’ എന്ന കാഴ്ചപ്പാട്‌ വെച്ചുപുലര്‍ത്തുന്ന പ്രവര്‍ത്തകരുടെ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഭാരതീയ ജനതാപാര്‍ട്ടി. നാടിനും ജനങ്ങള്‍ക്കും വേണ്ടി എല്ലാം സമര്‍പ്പിക്കുക എന്ന മനോഭാവം സമൂഹത്തില്‍ വളരുന്നതിലൂടെ മാത്രമേ നമ്മുടെ നാടിനെ പുരോഗതിയിലേക്ക്‌ നയിക്കുവാനും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനും സാധിക്കുകയുള്ളൂ. ഒരു രാഷ്ട്രീയ പാര്‍ട്ടി എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവരും സമൂഹത്തോട്‌ പ്രതിബദ്ധതയുള്ളവരുമായി നിലനില്‍ക്കണമെങ്കില്‍ ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ബന്ധമായും ഉണ്ടാകേണ്ട വ്യക്തിത്വഗുണമാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌.

ജനകീയ പ്രശ്നങ്ങളോടുള്ള ഈ പ്രതിബദ്ധത വളര്‍ത്തി എടുക്കാനായി ഭാരതീയജനതാപാര്‍ട്ടി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഉടലും, ഉയിരും, സമ്പത്തും സമൂഹത്തിന്‌ വേണ്ടി നല്‍കാനുള്ള സന്നദ്ധതയുള്ളവരായി ഓരോ പ്രവര്‍ത്തകനും ഉയരുക എന്നതാണ്‌ ഇതിനുള്ള മാര്‍ഗ്ഗം. ജനങ്ങള്‍ക്ക്‌ വേണ്ടി സ്വയംസമര്‍പ്പിച്ച ദീനദയാല്‍ ഉപാധ്യായയുടെ ബലിദാനദിനം ഈ ഉദ്ദേശ്യത്തോടെയാണ്‌ ബിജെപി സമര്‍പ്പണദിനമായി ആചരിക്കുന്നത്‌.
ബൂത്ത്തലപ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ഈ ശ്രമങ്ങളുടെ ഭാഗമായി പരമാവധി ബൂത്തുകളില്‍ സമര്‍പ്പണനിധി ശേഖരണ പരിപാടി സംഘടിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ്‌ ഈ വര്‍ഷത്തെ ദീനദയാല്‍ജി ബലിദാന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്‌.

വി.മുരളീധരന്‍
(Lekhanam from http://www.janmabhumidaily.com/ )

No comments:

Post a Comment