Monday 7 November 2011

ജനചേതനയാത്ര 2011 എറണാകുളം

കോരിച്ചൊരിയുന്ന മഴയിലും കൊച്ചിയില്‍
 ഉജ്ജ്വല വരവേല്‍പ്പ്‌..


കൊച്ചി: കോരിച്ചൊരിയുന്ന മഴയിലും ആവേശം അലകടലായി പതിനായിരങ്ങള്‍ ജനനായകന്‌ ഉജ്ജ്വല വരവേല്‍പ്പ്‌ നല്‍കി. ഇന്നലെ രാത്രി 8.30ഓടെ ജനചേതനയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനിയെ സ്വീകരിക്കുവാന്‍ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച്‌ ആബാലവൃദ്ധം ജനങ്ങളായിരുന്നു കാത്തിരുന്നത്‌.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചുള്ള ധവളപത്രം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന്‌ എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ കേറിയപ്പോള്‍ 100 ദിവസത്തിനുള്ളില്‍ വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ 700 ദിവസം കഴിഞ്ഞിട്ടും കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്നറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ഇതിന്‌ വേണ്ടിയാണ്‌ ധവളപത്രം പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള 25 ലക്ഷം കോടിരൂപയുടെ കള്ളപ്പണമാണ്‌ വിദേശബാങ്കുകളില്‍ ഉള്ളത്‌. ഈ തുക തിരിച്ചുകൊണ്ടുവന്ന്‌ ഇന്ത്യയിലെ 6ലക്ഷം ഗ്രാമങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിച്ച്‌ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂടിയാണ്‌ ജനചേതനയാത്ര ആരംഭിച്ചിട്ടുള്ളത്‌. കള്ളപ്പണം തിരിച്ച്‌ നല്‍കാന്‍ സ്വിറ്റ്സര്‍ലന്റില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്നേ പറ്റൂവെന്നും അദ്വാനി പറഞ്ഞു.

അഴിമതി തുടച്ചുനീക്കുക, കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തനമാണ്‌ ജനചേതനയാത്ര മുന്നോട്ട്‌വെക്കുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മഴയില്‍ കുതിര്‍ന്ന അന്തരീക്ഷത്തില്‍ മറൈന്‍ ഡ്രൈവില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത അത്യുജ്ജ്വല വരവേല്‍പ്പാണ്‌ ജനചേതനയാത്രക്ക്‌ ലഭിച്ചത്‌. കേരളത്തിലെ രണ്ട്‌ ദിവസത്തെ യാത്രയുടെ സമാപനവും 18 ദിവസത്തെ യാത്രയും ഇന്നലെ പൂര്‍ത്തിയാക്കി.

മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു. എന്‍.പി. ശങ്കരന്‍കുട്ടി സ്വാഗതം പറഞ്ഞു. അല്‍ഫോന്‍സ്‌ കണ്ണന്താനം, സ്വാഗതസംഘം രക്ഷാധികാരി കവി രമേശന്‍ നായര്‍ അദ്വാനിയെ സ്വീകരിച്ചു.

No comments:

Post a Comment