Sunday 20 November 2011

യുവമോര്‍ച്ച ചാലക്കയംടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല: അയ്യപ്പന്മാരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേവസ്വംബോര്‍ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കയം ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ടോള്‍ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റിന്റെ ഷെഡ്ഡുകള്‍ പൊളിച്ചു.
മടങ്ങിപ്പോകുംവഴി പ്രവര്‍ത്തകര്‍ ഇലവുങ്കലെ ടോള്‍ഗേറ്റും തകര്‍ത്തു. 22 മുതല്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്ന് യുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു.
നാല് കിലോമീറ്റര്‍ ദൂരമുള്ള ചാലക്കയം- പമ്പ റോഡ് നിര്‍മ്മിച്ചതിന്റെ പേരില്‍ 30 വര്‍ഷത്തോളമായി ബോര്‍ഡ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
ചാലക്കയത്ത് വാഹനങ്ങളില്‍ ടോള്‍ പിരിക്കാനുള്ള അവകാശം ദേവസ്വംബോര്‍ഡ്, കരാറുകാരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ വാഹനങ്ങളില്‍നിന്ന് അമിതമായി ടോള്‍ പിരിക്കുന്നതായി ആക്ഷേപമുണ്ട്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി കെ. ബിനുമോന്‍, ജില്ലാ പ്രസിഡന്‍റ് പി.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. രാകേഷ്, വൈസ് പ്രസിഡന്‍റുമാരായ എന്‍. രതീഷ്‌കുമാര്‍, രഞ്ജിത്ത് ശിവപുരം, ജില്ലാ സെക്രട്ടറിമാരായ ആര്‍.പ്രേംശങ്കര്‍, സജു വടക്കേക്കര, സുനില്‍കുമാര്‍ ഓതറ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment