Sunday 27 March 2011

യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം- മുരളീധര റാവു




 28 Mar 2011
Mathrubhumi news 
യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം
 - മുരളീധര റാവു

കളമശ്ശേരി: യു.ഡി.എഫിലും എല്‍.ഡി.എഫിലും എല്ലാ കാര്യങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി വി. മുരളീധര റാവു പറഞ്ഞു. മെട്രോ റെയിലും ദേശീയപാതയുമടക്കം അടിസ്ഥാനപരമായ വികസന കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. നേതാവാരെന്ന കാര്യത്തില്‍ പോലും ഇരു മുന്നണിയിലും അവ്യക്തതയും ആശയക്കുഴപ്പവും നിലനില്‍ക്കുകയാണെന്ന് മുരളീധര റാവു പറഞ്ഞു.
കളമശ്ശേരി നിയോജക മണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഡ്വ. പി. കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.ക്ക് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിലെയും സഖ്യകക്ഷിയായ ബിഹാറിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് സാക്ഷ്യമാണ്. മതപരമായ വിവേചനത്തെ ബി.ജെ.പി. പ്രോത്സാഹിപ്പിക്കുന്നില്ല. ഏതു മതത്തില്‍പ്പെട്ടവരായാലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി. നിലപാട്.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറയുന്നു. ഈ വാഗ്ദാനം പൊള്ളയാണ്. നെല്ലുല്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് ഒരു രൂപയ്ക്ക് അരി നല്‍കുക - അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫിന്റെ നിലനില്പ്തന്നെ ചോദ്യം ചെയ്യപ്പെടും. എല്‍.ഡി.എഫില്‍ നേതാവാരാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വി.എസ്. അച്യുതാനന്ദനെ ദുര്‍ബലനും വയസ്സനും രോഗിയുമായി ചിത്രീകരിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടന്ന് വോട്ടുചോദിക്കുന്നു. യു.ഡി.എഫിലും നേതാവാരെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല - മുരളീധര റാവു പറഞ്ഞു.
(Original source: http://www.mathrubhumi.com/online/malayalam/news/story/861899/2011-03-28/kerala)

No comments:

Post a Comment