Sunday 27 March 2011

കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍

കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍
: 28 Mar 2011, Mathrubhumi news



തിരുവനന്തപുരം: മലമ്പുഴയില്‍ ബി.ജെ.പി. സി.പി.എമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍നിന്നാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ . ഇതിന് സമാനമായ ആരോപണമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എം. ബി.ജെ.പി.ക്കെതിരെ ഉന്നയിച്ചത്. പരാജയം മുന്നില്‍ക്കണ്ടായിരുന്നു അന്ന് സി.പി.എമ്മിന്റെയും ആരോപണമെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം നിയോജകമണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ഥി ബി.കെ.ശേഖറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ആശയ രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകരുടെ ജീവന്‍ ബലിദാനം നല്‍കിയ പ്രസ്ഥാനമാണ് ബി.ജെ.പി. എല്ലാക്കാലത്തും സി.പി.എം. അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുള്ളതും ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായി സി.പി.എമ്മിനെ ചേര്‍ത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പി. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മലമ്പുഴയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജനതാദള്‍-യുവിലെ അഡ്വ. പി.കെ.മജീദാണ് സ്ഥാനാര്‍ഥി. അദ്ദേഹം നാമനിര്‍ദ്ദേശപത്രികയും സമര്‍പ്പിച്ചുകഴിഞ്ഞു. കാര്യങ്ങളറിയാതെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ വിവാദം ഉയര്‍ത്തിയിട്ടുള്ളത്. മറിച്ച് കോണ്‍ഗ്രസ്സിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം. മാത്രമല്ല, ഇത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ കൂടിയാണ്. സി.പി.എം. സ്ഥാനാര്‍ഥികളായ ജയരാജന്‍, തോമസ് ഐസക്ക് തുടങ്ങിയവര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ധീവരര്‍, വിശ്വകര്‍മ്മ, തമിഴ് വിശ്വകര്‍മ്മ, കുടുമ്പി, ഗൗഡസാരസ്വതര്‍ തുടങ്ങിയ സമുദായങ്ങളെ ഇരുമുന്നണികളും അവഗണിച്ചു. കോണ്‍ഗ്രസ്സിലെ കൊടിക്കുന്നില്‍ സുരേഷും സി.പി.എമ്മിലെ പി.കെ.ബിജുവുമൊക്കെ അനര്‍ഹമായി സംവരണസീറ്റുകളില്‍ മത്സരിച്ചവരാണ് കേരളത്തില്‍ 54 ശതമാനം വരുന്ന ഭൂരിപക്ഷസമൂഹത്തില്‍പ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഭരണതലത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഭാഗഭാക്കാതെ മാറ്റിനിര്‍ത്തുമ്പോള്‍ അവരെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നത് ബി.ജെ.പി. മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

(original news source: http://www.mathrubhumi.com/online/malayalam/news/story/861939/2011-03-28/kerala)

No comments:

Post a Comment